താളുകള്‍

Friday 13 February 2015

"മേഘങ്ങൾ വന്നു കിന്നാരം ചൊല്ലുന്ന..നന്ദി ഹിൽസ് "

നന്ദി ഹിൽസ് / NANDHI HILLS
..........................................


ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ബംഗളുരുവിന്റെ തിക്കിലും, തിരക്കിലും, പൊടിയിലും ,മണിക്കൂറുകൾ നീണ്ട ബ്ലൊക്കിലുമെല്ലാം നിന്ന് അൽപ്പം മാറി ..ബാഗ്ലൂർ ടൌണിൽ നിന്നും കേവലം 60 കിലോമീറ്റർ ദൂരത്ത്,ചിക്കബല്ലാപൂർ ജില്ലയിൽ ,ബംഗ്ലൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിനു അടുത്തായി ,എൻ .എച്ച് 7-ൽ (ബെല്ലാരി റോഡ്‌) സമുദ്ര നിരപ്പിൽ നിന്നും 1478 മീറ്റർ (1478 m /4,849 ft)ഉയരത്തിൽ ആകാശത്തെ തൊട്ടു നില്ക്കുന്ന അതിശയമാണ് നന്ദി ഹിൽസ് .... 

രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹിൽസ് ഒരു അത്ഭുതം തന്നെയാണ് ..നന്ദി ഹില്ല്സ്ന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്‌താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം , ബൈകുകൾ ആണെങ്കൽ അവിടെ പാർക്ക് ചെയ്യണം , മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം .

ടിപ്പു സുൽത്താന്റെ വേനൽക്കാല  വസതിയായിരുന്നുവത്രേ നന്ദി ഹിൽസ്, ടിപ്പു സുൽത്താൻ പണികഴിപ്പിച്ചു എന്നുകരുതുന്ന കോട്ടയും കെട്ടിടങ്ങളും ഉണ്ടിവിടെ , കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന  'ടിപ്പുസ് ഡ്രോപ്പ്' എന്ന ശിക്ഷാ രീതി ഇവിടെ നടന്നിരുന്നു എന്ന് 
പറയപ്പെടുന്നു .

നിറയെ മരങ്ങളും , പൂന്തോട്ടങ്ങളും ,ചിത്ര ശലഭങ്ങളും , നിറഞ്ഞ പ്രകൃതി രമണീയമായ  പ്രദേശമാണ് നന്ദി ഹിൽസ്,കൂടാതെ യോഗനന്ദീശ്വര ക്ഷേത്രവും , നന്ദിശ്വര പ്രദിഷ്ടയും ആകർഷണങ്ങളാണ്‌, എല്ലാറ്റിനും ഉപരിയായി ..കോടമഞ്ഞിനു മുകളിൽ നിൽക്കുന്ന അല്ലെങ്കിൽ തണുത്തുറഞ്ഞ മേഘങ്ങൾ നമ്മുടെ കാൽച്ചുവട്ടിലൂടെ ഒഴുകി നീങ്ങുന്ന ഒരു അവസ്ഥ .. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണത് .. ഒപ്പം സൂര്യൻ പതിയെ പതിയെ ആ മേഘങ്ങളെ വകഞ്ഞു മാറ്റി ഉദിച്ചുയരുന്നതും .. ആ സൂര്യകിരണങ്ങൾ വെളുത്ത് പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകി നടക്കുന്ന മേഘങ്ങളെ സ്വർണ്ണവർണ്ണമണിയിക്കുന്നതും കാണേണ്ട കാഴ്ചയാണ് ..

മേഘമലകളും ,ചുറ്റിനും കോടമഞ്ഞും,മോശമില്ലാത്ത തണുപ്പും അൻന്റാർട്ടിക്കയിലെ മഞ്ഞു മലകളെ അനുസ്മരിപ്പിക്കുന്നു ;അതുകൊണ്ട് നന്ദി ഹിൽസിനെ പാവങ്ങളുടെ അൻന്റാർട്ടിക്ക എന്ന് നമുക്ക് വിളിക്കാം .


ബംഗ്ലൂർ ടൌണിൽ മാത്രം വന്നു പോകുന്ന പല സഞ്ചാരികൾക്കും അത്ര സുപരിചിതമല്ലാത്ത നന്ദി ഹിൽസ്സിൽ പക്ഷെ തിരക്കും ഒട്ടും കുറവല്ല .. 

പോകാൻ ഉദ്ദേശിക്കുന്നവർ അതിരാവിലെ 6 നു തന്നെ എത്തുന്നതാണ് ഉചിതം , കയ്യിൽ ജാക്കറ്റോ സ്വെറ്ററോ കരുതുന്നത് നല്ലതാണ് ..  

(10 / 2 /2015 രാവിലെ നാലരയ്ക്ക് ബംഗ്ലൂർ ടൌണിൽ  നിന്നും ഞാനും 4 സുഹൃത്തുകളും കാറിൽ നടത്തിയ 'നന്ദി ഹിൽസ്' യാത്ര  )