താളുകള്‍

Saturday, 16 July 2011

പ്രണാമം !!!






*~*~*വന്ദേ ഭാരത മാതരം *~*~*

അഖിലാണ്ഡ ബ്രഹ്മാണ്ഡ നക്ഷത്രരാജിയില്‍
ആഗോള ഭൂലോക കൂട്ടത്തിനുള്ളിലെ
വിശ്വമഹാത്ഭുതമായൊരീ ഭൂമിതന്‍
ഉത്തരപൂര്‍വ്വാര്‍ദ്ധ സ്ഥാനത്തിനര്‍ഹനാം
കേമനാം വന്‍കര എഷ്യതന്‍ ദക്ഷിണ
ഭാഗേ വിളങ്ങുന്ന - ഭാരതം എന്‍ രാജ്യം .

വിന്ധ്യഹിമാചല മകുടമണിഞ്ഞു കൊണ്ടാ-
പൂര്‍വ്വ-പശ്ചിമ-ദക്ഷിണ ജലധിതന്‍
വീര വിരാജിത രാജകുമാരിയായ് 
ഭാരതീ ദേവിതന്‍ ആത്മാംശശക്തിയാല്‍
യുഗയുഗാന്തങ്ങളായ് താഴാത്ത ശിരസ്സുമായ്‌ 
വീറോടെ വാഴുന്ന നാടെന്റെ ഭാരതം . 

സിന്ധൂനദീതട സംസ്കാര ശേഷിപ്പിന്‍
ആയിരമായിരം ആത്മാര്‍പ്പണങ്ങളെ 
പിന്തുടര്‍ന്നെത്തിയ പൂര്‍വിക വീരര്‍ തന്‍-
പ്രൌഡിയില്‍ തലമുറ സാഗരം തീര്‍ക്കുന്ന
 എവിടെയും തോല്‍ക്കാത്ത തലകുനിച്ചീടാത്ത
യുവരക്തമൊഴുകുന്ന സിരകള്തന്‍ ഭാരതം .

വേദങ്ങള്‍ ഉപനിഷത്തുക്കളും ഇതിഹാസ -
പുണ്യപുരാതന പൈതൃകസൃഷ്ട്ടികള്‍  
നിരവധി അനവധി ജന്മമെടുത്തൊരീ 
സംസ്ക്കാര സാമ്രാജ്യ സായൂജ്യ ഭാരതം .

പത്തു തലയുള്ള രാവണനെ പണ്ട്
സാഗര മദ്ധ്യേയൊരു പാതയൊരുക്കീട്ടു
വാനരന്മാരുമായ് ചെന്നങ്ങു ലങ്കയില്‍  
വച്ചങ്ങു കൊന്നോരാ രാമന്റെ ഭാരതം .
  
സംഘബലം കൊണ്ട് ഹുങ്കു വളര്‍ന്നപ്പോള്‍ 
അധികാരദുര്‍വിനിയോഗത്താല്‍ ക്രൂരമായ്‌ 
സ്വന്തം ജനങ്ങള്‍ക്ക്‌ നാശം വരുത്തിയ 
കൌരവ വീരരെ വേരോടഴിക്കുവാന്‍   
പാണ്ഡവര്‍ അഞ്ചിനേം കൂട്ട് പിടിച്ചിട്ടു 
കൊന്നങ്ങു തള്ളിയ കൃഷ്ണന്റെ ഭാരതം .
  
ശാക്യവംശത്തിന്റെ വേരിന്റെ അഗ്രത്തില്‍  
മഗധയുടെ നെറുകയില്‍ തിലകക്കുറിയുമായ് 
സ്വര്‍ണ്ണ സിംഹാസനം വേണ്ടെന്നു വച്ചൊരു 
ബോധിവൃക്ഷത്തിന്റെ കീഴിലിരുന്നുകൊണ്ടാ-
ബാലവൃദ്ധരെ ഉത്ബോധനം ചെയ്ത 
ഗൌതമബുദ്ധന്റെ നാടാണ് ഭാരതം .
  
യുവ ജനങ്ങള്‍ക്കെന്നും ഉള്‍ക്കരുത്തേകിടും
 ആശയ സമ്പുഷ്ട്ടമായ തന്‍ ഭാഷയാല്‍ 
നാടിന്‍ യശസ്സെട്ടുദിക്കിലും എത്തിച്ച്
ലോകം വിറപ്പിച്ച വിവേകാനന്ദന്റെ ഭാരതം.
  
അധിനിവേശങ്ങള്‍ തന്‍ സംഭ്രമമായയില്‍ 
തെല്ലുനേരം നാം മയങ്ങിയ നേരത്ത് 
കണ്‍കണ്ടവ ഒക്കെയും കട്ട് കയ്യേറിയീ-
നാടിന്റെ സമ്പത്ത് കൊള്ളചെയ്തെങ്കിലും
ആര്‍ക്കും തരിമ്പും തകര്‍ക്കുവാനാവാത്ത 
നാടിന്റെ പൈതൃകം പിന്നെയും ബാക്കിയായ് 

പിന്നങ്ങ് വന്നിങ്ങു വെള്ളപ്പറങ്കികള്‍
ചതുരംഗക്കളിയിലെ വെള്ളക്കരുക്കള്‍ പോല്‍
ചതിയുടെ കുടിലമാം ബുദ്ധിയുമായവര്‍
നാടിന്റെ നെറുകയില്‍ ആണിയടിച്ചിട്ടു
കയറു വരിഞ്ഞൊരു കൂടാരം കെട്ടിപോല്‍
  
ഒരു നവ തേജസ്സിന്‍ അഗ്നികണങ്ങളായ്
ചോരയില്‍ എഴുതിയ സമരചരിത്രങ്ങള്‍-  
പിന്നായിരമായിരം രക്തസാക്ഷിത്വവും-
കണ്ടങ്ങ്‌ തലമുറ ശക്തിയാര്‍ജ്ജിച്ചതും
ഒടുവിലൊരു ഇന്ത്യനാം വൃദ്ധനാം ഗാന്ധിജി 
ക്ഷമയെന്ന വടികൊണ്ട് കോട്ട തകര്‍ത്തിട്ട് 
ബ്രിട്ടനെ ഞെട്ടിച്ച നാടാണ് ഭാരതം .
  
ഭാഷകള്‍ വേഷങ്ങള്‍ അനവധി എങ്കിലും  
നാനാ മതങ്ങള്‍ക്ക് കീഴിലാണെങ്കിലും 
കൊടിയുടെ നിറമിന്നു വേറെയാണെങ്കിലും 
സ്നേഹത്താല്‍ വിശ്ശ്വാസം കോട്ടം വരുത്താത്ത 
നാമെല്ലാം ഒന്നെന്ന സത്യമറിയുന്ന 
ഹൃദയങ്ങള്‍ ഒരുമിച്ചു വാഴുന്ന ഭാരതം .
  
കാലാന്തര്‍ഗമനത്തില്‍ മുറതെറ്റാതെത്തുമീ 
അനിവാര്യ വിധികളാം കഠിന പരീക്ഷകള്‍ 
നാടിന്റെ ശത്രുകള്‍ മുതലെടുത്തീടുമ്പോള്‍ 
ഇവിടെ ഉറങ്ങുന്ന പൈതൃകം കാക്കുവാന്‍ 
ഇനി നമ്മള്‍ ഒന്നായി വന്മതില്‍ തീര്‍ത്തിടും  

പെറ്റമ്മയെക്കാള്‍ നമുക്കേറ്റം പ്രിയമാകും
പെറ്റുവീണപ്പോളായ് താങ്ങിയ മണ്ണിനെ  
പ്രാണന്‍ കൊടുത്തുമിനി കാത്തുസൂക്ഷിക്കുവാന്‍ 
ഇവിടെ കിളിര്തൊരു പുല്‍ക്കൊടി പോലുമേ -
തോളോട്തോള്‍ ചേര്‍ന്ന് കവചമായ് മാറിടും .
 ~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~
ഓരോ ഭാരതീയനും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ മുന്‍കൂറായി നേരുന്നു 
~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~


~~~~~~~~~~~~~~~~~~

Monday, 30 May 2011

... മായിക ...

_____________________________________
========================
 ... മായിക ...
===================
അമ്പലമുറ്റത്തെയാല്‍ത്തറ ചോട്ടിലായ  -
ന്നൊരു സന്ധ്യക്കു ഞാനിരിക്കെ
കുങ്കുമം ചാര്‍ത്തിയ സന്ധ്യയിലായിരം
കാര്‍ത്തിക ദീപങ്ങള്‍ കണ്ണു ചിമ്മേ
ഭക്തി ഗാനത്തിന്റെ ലഹരിയില്‍ അന്നൊരാ -
പ്രകൃതിയും ഞാനും ലയിച്ചു നില്‍ക്കെ
പട്ടും വളയും അണിഞ്ഞും കൊണ്ടാ ദേവി 
കൊവിലിനുള്ളില്‍ വിളങ്ങി നിന്നു .

അന്നത്തെ യാത്രയ്ക്ക് അന്ത്യം കുറിച്ചും
കൊണ്ടാകാശ പറവകള്‍ കൂടണയെ
ദൂരെയിരുന്നൊരു നാരായണക്കിളി
കൂവി വിളിക്കണ പാട്ടും കേട്ട്  
ആല്‍മരമുകളിലിരുന്നൊരിണക്കിളി
നാണിച്ചു നിന്നോരാ നേരത്ത്
 ചെമ്പകപൂമണം തന്നില്‍ നിറച്ചും കൊണ്ട -
 പ്പോളെന്‍ അരികിലൊരു തെന്നല്‍ വന്നു .

ചുറ്റുവിളക്കിന്റെ പ്രഭയിലന്നേരമൊരു -
 പൊന്‍ പ്രഭാ വലയമായ് നീ വരുമ്പോള്‍
അമ്പലം ചുറ്റുന്ന നിന്നുടല്‍ ചലനത്തിലാ -
പാദകൊലുസ്സുകള്‍ വീണമീട്ടി ,
കാര്‍ക്കൂന്തലിളകുന്ന താളത്തിലാ കാറ്റ്
കാച്ചെണ്ണമണമങ്ങു കട്ടെടുക്കെ ,
നിന്‍ പാദസ്പര്‍ശനം ഏല്‍ക്കുന്നനേരമാ -
മണ്‍തരി പോലും മയങ്ങി നിന്നു .

 നടതുറന്നാ ദേവി സ്വയമിന്നു ഭൂമിയില്‍ 
വന്നിതാ നിന്നുവെന്നോര്‍ത്തു ഞാനും 
കലികാലഭൈരവി ദേവി ഭഗവതി 
ഭക്തന്റെ ചിത്തം പരീക്ഷിക്കുകില്‍ 
അറിയാതെഴുന്നേറ്റു പോയി ഞാനപ്പൊളെന്‍
കൈകളും തോഴുതുപോയ് ഭക്തിയാലെ
 ആ അസുലഭസൗന്ദര്യ നിമിഷത്തിലെന്‍മനം  
 മായയില്‍ അലിയുന്ന കാഴ്ച കണ്ട്
സര്‍വ്വാഭരണ വിഭൂഷിതയായോരാ
ദേവിയൊന്നപ്പൊളായ് പുഞ്ചിരിച്ചോ ?.

വിണ്ണിലെ താരകം പാരിതില്‍ വന്നപോല്‍
ആ മണ്ണില്‍ നിന്നു നീ പ്രഭചോരിയെ
തിങ്കളും തോല്‍ക്കുന്ന നിന്‍മുഖം കണ്ടന്ന്
ദീപങ്ങള്‍ നാണിച്ചു തലകുനിയ്ക്കെ 
ഞാനറിയാതെയെന്‍ കണ്ണുകളാരൂപ -
മൊന്നാകെ ഹൃദയത്തില്‍ കൊത്തി വയ്ച്ചു

ഒരു ദര്‍ശനത്തിന്റെ ചന്ദനം ചാര്‍ത്തി നീ 
പതിയെ തിരിഞ്ഞു നടന്നിടുമ്പോള്‍
ആല്‍ത്തറ ചാരത്തു ശിലയായി മാറിഞാന്‍
പ്രജ്ഞയറ്റങ്ങനെ നിന്ന നേരം
ഒരു മന്ദഹാസത്താല്‍ മോക്ഷമേകാതെ നീ
ദൂരേയ്ക്ക് പതിയെ നടന്നു പോയി .

 ആ കണ്ണിന്‍മുന കൊണ്ടു ചങ്ങല തീര്ത്തെ -
ന്നെയമ്പലമുറ്റത്തായ് കെട്ടിയിട്ട് ,
പാറി പ്പറന്നു നടന്ന മനസ്സിനെ 
ഒരു ഞൊടി കൊണ്ടങ്ങു കൂട്ടിലിട്ട് ,
ചക്രവാളത്തിന്റെ അങ്ങേ തലയ്ക്കല്‍ നീ 
ഒരു പൊട്ടു പോലന്നു മാഞ്ഞു പോയി .

  


Thursday, 26 May 2011

MY FRIEND = MY SHADE

SHADOW
SHADOW
SHADOW
SHADOW
SHADOW
SHADOW

IN
The darkness
I can't see U
But U'ill be with me .

U're
Always with me ,
holding my palpitations,
from my birth till this day .
From my childhood days
U've been familiar to me .
U're not a silent spectator .

Looking 
Up at the lovely moon,u said-
" Although the moon has million friends,
who is his true friend ..? "
 
Even
In the very hot midday
U're still close to me 
U're the one with whom-
i shared my gains
I'm sure not alone but with 
"MY 
FRIEND
MY
SHADE"
 


Sunday, 1 May 2011

ആ മരതണലില്‍ ഒരിക്കല്‍ കൂടി ...

ആ മരം..
അതെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ...
ചെമ്പകത്തിന്റെ മണമുള്ള ആ കാറ്റിതാ വീണ്ടും ..

ആ കാറ്റില്‍ നിന്റെ  സുഗന്ധം അവിടമാകെ പരന്നു ..
അല്‍പ്പനേരം ഞാന്‍ അതിന്റെ  ചുവട്ടിലിരുന്നു, ഓര്‍മകള്‍ ചിറകടിചെത്തി എന്റെ മനസിലേക്ക്...
ഒപ്പം കണ്ണ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല  ..

ആരെയോ  കാത്തു നീ നില്‍ക്കുന്നുവെന്നു കരുതി അന്നു ഞാന്‍ കാണാത്ത മട്ടില്‍ കടന്നു പോയി.
എല്ലാം അറിഞ്ഞിട്ടും ഏന്തേ നീ  പറഞ്ഞില്ല , നിന്റെ കണ്ണുകളും മനസ്സും  തേടിയത് എന്നെ ആണെന്ന്..
അന്ന് നീ ആ മരക്കൊമ്പില്‍ നഖം കൊണ്ട് കോറിയിട്ട വാക്കുകള്‍ ..
തെളിഞ്ഞു തന്നെ നില്‍ക്കുന്നു ഇന്നും ആ കൊമ്പിലും എന്റെ  മനസ്സിലും  ...
 
ആ മരത്തിനെ സാക്ഷി നിര്‍ത്തി  നൂറു നൂറു സ്വപ്നങ്ങള്‍ കണ്ടിരുന്നു അന്ന് നമ്മള്‍....
ഇന്നാ മരക്കൊമ്പ് കരിഞ്ഞിതാ വാടി നില്‍ക്കുന്നു   നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ പോലെ..


ഇപ്പോള്‍ ആ മരം പഴയതിനേക്കാള്‍ സുന്ദരിയാണ്  ..
ആ മരക്കൊമ്പും, മരവും നമുക്കിപ്പോള്‍ അന്ന്യമാണ് ..
പുതിയ അവകാശികള്‍ വന്നിരിക്കുന്നു അതിന്..
 
ഒത്തിരി ഒത്തിരി പ്രണയങ്ങള്‍ക്കും, പ്രണയ സ്വപ്നങ്ങളും
മൂക സാക്ഷിയായ് നിന്ന് ആ മരം അവരോടെല്ലാം പറയുന്നുണ്ടാവും 
"ഞാന്‍ ഇതെത്ര കണ്ടതാ മക്കളെ ".എന്ന് .


ഞാന്‍ തിരികെ പോരാന്‍ നേരം ആ കാറ്റിതാ വീണ്ടും
എന്റെ കണ്ണുനീര്‍ കാറ്റില്‍ തുടച്ചു ആ മരമെന്നെ യാത്രയാക്കി.........

Tuesday, 26 April 2011

mookambika - പരാശക്തിയുടെ നടയില്‍

*** സമുദ്രവസനേ  ദേവി പര്‍വതസ്തന മന്ധലെ 
വിഷ്ണു പത്നി നമോസ്തുഭ്യം   
പാദസ്പര്‍ശം ക്ഷമസ്വമേ ***


 മൂന്ന് ദിവസം അടുപ്പിച്ചു കിട്ടുന്ന ഈ കഴിഞ്ഞ  ഈസ്റ്റര്‍ ദിനാവധിയില്‍ ഒരു യാത്ര പോകണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എവിടെയ്ക്കെന്നോ  എങ്ങിനെയെന്നോ ഒഴിച്ച് , അങ്ങിനെ ചെന്നയില്‍ ഉള്ള എന്റെ സുഹൃത്തിന്റെ  നിരന്തരമായ ക്ഷണം സ്വീകരിച്ചു ചെന്നയില്‍ പോകാമെന്ന് ആദ്യം തീരുമാനിച്ചു , പക്ഷെ പിന്നീടത്‌ മാറ്റി തഞ്ചാവൂര്‍ ആക്കി , തഞ്ചാവൂര്‍ പണ്ട് സ്കൂളില്‍ തക്ഷശില എന്ന പാഠം പഠിച്ച അന്നു മുതല്‍ മനസ്സില്‍ കേറിക്കൂടിയതാണ് , ചെന്നയില്‍ ഉള്ള സുഹൃത്ത്‌ അവിടെ എത്താമെന്നും    പറഞ്ഞു, അതനുസരിച്ച് ട്രിപ്പ് അവിടെയ്ക്കെന്നു ഉറപ്പിച്ചു ഇരിക്കുമ്പോളാണ്  യാദ്രിശ്ചികമായി ആ സുഹൃത്തിന്റെ ബിസ്സിനെസ്സ് ആവശ്യങ്ങള്‍ മൂലം എത്താന്‍ പറ്റില്ലെന്ന് അറിയിച്ചത് , മാത്രമല്ല തന്ജാവൂരില്‍  ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്ന വെയിലാണെന്നും കേട്ടു ,ചൂട് ഇഷ്ടമല്ലാത്ത  ഞാനങ്ങനെ  ആ പരിപാടിയും വേണ്ടെന്നു വച്ചു , അപ്പോളാണ് കൂടെ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത്‌ മൂകാംബിക പോകാം എന്ന് പറയുന്നത് .ഇതുവരെ ഞാന്‍ പോകാത്ത സ്ഥലം , അങ്ങനെ മൂകാംബിക യാത്ര ഉറപ്പിച്ചു ,ഒരുക്കങ്ങള്‍ തീര്‍ത്തു ഞങ്ങള്‍  യാത്രയായി.

എറണാകുളത്തു നിന്നും വെള്ളിയാഴ്ച വൈകിട്ട്  8നു പുറപ്പെടുന്ന ദുര്‍ഗാംബാ എന്ന ബസ്സില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തു ,ഞാന്‍ എറണാകുളത്തു നിന്നും അവര്‍ തൃശൂരില്‍ നിന്നും കയറി , ശനിയാഴ്ച രാവിലെ 9 30 നു കുന്താപുരത്തു    ഞങ്ങള്‍ എത്തി അവിടെ നിന്നും കൊല്ലുര്‍ക്ക് ബസ്സില്‍ യാത്ര , കുടജാദ്രി മലയുടെ  താഴ്വരയിലെ അതി സുന്ദരമായ ഒരു ഗ്രാമമാണ് ഉടുപ്പി ജില്ലയിലെ കൊല്ലൂര്‍ .ഇവിടെയാണ് ലോക മാതാവായ ദേവി കുടികൊള്ളുന്ന പ്രസ്സിദ്ദമായ  മൂകാംബിക ക്ഷേത്രം .

വിശ്വജനനിയായ ദേവിയെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ശ്രീശങ്കരാചാര്യര്‍  തപസ്സു ചെയ്തു പ്രത്യക്ഷയാക്കുകയും , കൂടെ അനുഗമിച്ച ദേവിയെ "യാത്രയില്‍ തിരിഞ്ഞു നോക്കരുത് "എന്ന ദേവിയുടെ ആജ്ഞ മറന്നു ശങ്കരാചാര്യര്‍ തിരിഞ്ഞു  നോക്കിയപ്പോള്‍  ദേവി ആ സ്ഥലത്ത് സ്വയം ഭൂവില്‍ ലയിച്ചു , മൂകാസുരനെ ദേവി വദിച്ച ആ സ്ഥലം മൂകാംബിക ആയി അറിയപെട്ടു ,അങ്ങിനെ ശ്രീ ശങ്കരാചാര്യരാല്‍ പ്രതിഷ് ഠിതമായ ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം , ഇതാണ്  ഐതീഹ്യം .

 പുണ്യനദി സൌപര്‍ണ്ണികാ തീരത്ത് സ്വര്‍ഗ്ഗതുല്യമായ പ്രകൃതി രമണീയതയില്‍ സ്ഥിതി ചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍  അനിര്‍വചനീയമായ ഒരു ആനന്ദം മനസ്സിന് ലഭിക്കുന്നു .
( ഒരിക്കലെങ്കിലും പോയവരുടെ അനുഭവമാണിത്  )

കേരളത്തിലെ പൂജാരീതികള്‍ തന്നെയാണ് ഇവിടെയും അനുഷ്ടിക്കുന്നത്.പക്ഷേ കേരളത്തില്‍ ഒഴിച്ച് മറ്റെവിടെയും ശ്രീകൊവിലിനുള്ളില്‍ വരെ ഫോട്ടോ എടുക്കാം. ഒത്തിരി ആളുകള്‍ ദേവീ വിഗ്രഹം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു എങ്കിലും ദേവിയുടെ ഫോട്ടോ എടുക്കാന്‍ എനിക്കു ദൈര്യം കിട്ടിയില്ല ദൈര്യം കിട്ടിയാലും ആ അഹങ്കാരം  ചെയ്യാനെനിക്കു മനസ്സ് വരുമായിരുന്നില്ല പകരം ദേവിയെ മനസ്സിലും അമ്പലവും പരിസ്സരവും  ഞാന്‍ ക്യാമറയിലും പകര്‍ത്തി . 








  ആ ചൈതന്യം ആവോളം അനുഭവിച്ചു  ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍  പെറ്റമ്മയെ പിരിയുന്ന കുഞ്ഞിന്റെ  വേദന എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.

എന്റെ ഈ യാത്ര മൂന്ന് പോസ്റ്റുകള്‍ ആയാണ് ആഡ് ചെയ്തിരിക്കുന്നത്  അതെല്ലാം വായിച്ചു അഭിപ്രായം പറയുമല്ലോ ല്ലേ ..

kudajaadri - കുടജാദ്രിയിലെ മേഘങ്ങള്‍ക്കൊപ്പം

.. കുടജാദ്രിയില്‍ കുടികൊള്ളും ഭഗവതി ..

മൂകാംബികാ ദേവിയുടെ മൂലസ്ഥാനം അതാണ്‌ കുടജാദ്രി , കൊല്ലൂരില്‍ നിന്നും ഏകദേശം 20 കിലോമീറ്ററുകള്‍ യാത്രചെയ്തു നാഗോഡി എന്ന സ്ഥലത്തു ചെന്ന് ,അവിടെ നിന്നും കാട്ടിലൂടെ യാത്ര തിരിച്ചു കുത്തനെയ്യുള്ള കയറ്റങ്ങളും കയറി പച്ച പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന മലയും താണ്ടി ചെന്നാല്‍ കുടജാദ്രിയുടെ നെറുകയിലെത്തുന്നു .മൂകാംബികയില്‍ നിന്നും ജീപ്പ് മാത്രമാണ് ഇവിടെയെത്താന്‍ ശരണം അല്ലെങ്കില്‍ ഈ ദൂരമത്രയും നടക്കണം .

ചില സമയങ്ങളില്‍ ഇവിടെ നിന്ന് നോക്കിയാല്‍ താഴെ മേഘങ്ങള്‍ ഒഴുകി നടക്കുന്നത് കാണാം ,കോട മഞ്ഞു കൊണ്ട് പ്രകൃതി ഇവിടെ ചിലപ്പോള്‍ നമ്മുടെ കണ്ണ് കെട്ടിക്കളയും , ആഞ്ഞു വീശുന്ന തണുത്ത കാറ്റും പ്രകൃതി രമണീയതയും കുടജാദ്രിക്കു ദൈവികതാ പരിവേഷ്യം വേണ്ടുവോളം  നല്‍കുന്നു , ഹിമാലയത്തിലെ മാനസസരോവര യാത്രയുടെ വളരെ ചെറിയൊരു പതിപ്പാണ്‌ കുടജാദ്രി യാത്ര .  

ഔഷദ സസ്യങ്ങളുടെ കലവറയായ ഇവിടം സാക്ഷാല്‍ ശ്രീ ഹനുമാന്‍ മൃതസഞ്ജീവനി മല കൊണ്ടുപോകുമ്പോള്‍ അടര്‍ന്നു വീണ ഭാഗമാണെന്നു ഐതീഹ്യം പറയുന്നു .കുടജം എന്ന സസ്യം ധാരാളം കാണുന്നതിനാല്‍ കുടജാദ്രി എന്ന പേര് വന്നത്രെ .

കുടജാദ്രി മലയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക്  എത്തിച്ചേരുന്ന  ഒരു ഗുഹ ഇവിടെയുണ്ട് ,ഗണപതി ഗുഹ എന്നത് അറിയപ്പെടുന്നു,
 കുടജാദ്രിയുടെ നെറുകയില്‍ ശ്രീ ശങ്കരാ ചാര്യരുടെ വിഗ്രഹം കുടികൊള്ളുന്ന  ഒരു കല്‍മണ്ടപം ഉണ്ട് ,സര്‍വജ്ഞ പീഠം എന്നറിയപ്പെടുന്ന എവിടെ നിന്നും താഴോട്ടു കുത്തനെയുള്ള ഇറക്കം ഇറങ്ങി ചെന്നാല്‍  ചിത്ര മൂല ഗുഹയും  അതിനടുത്തായി ഒരിക്കലും വറ്റാത്ത ഒരു നീരുറവയും കാണാം (ശങ്കരാ ചാര്യര്‍ ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ദാഹമകറ്റാന്‍ ദേവി സ്വയം സ്രിഷ്ടിച്ചതാന്നു ഈ നീരുറവ എന്നും പറയുന്നു ) ഈ ജലധാര തലയില്‍ വീണപ്പോള്‍ എന്റെ ക്ഷീണമെല്ലാം പമ്പ കടന്നു ആ വെള്ളം കുപ്പിയിലെടുത്തു ഞങ്ങള്‍ മലയിറങ്ങി ..














അടുത്ത പേജിലെ  മുരുഡേശ്വര യാത്രാ വിവരങ്ങളും ചിത്രങ്ങളോടും  കൂടി ഈ യാത്ര അവസാനിക്കുന്നു 

ഈ പോസ്റ്റുകള്‍ കൂടി വായിക്കുക 

murudeshwaram - മുരുഡേശ്വര സന്നിധിയില്‍

!! ഓം:നമോ ഭഗവതേ .. രുദ്രായ !!


 മൂകാംബികയില്‍ നിന്നും (കൊല്ലൂര്‍ ) ബസ്സില്‍ ഭട്കല എന്ന ഗ്രാമം വഴി 68കിലോമീറ്ററുകള്‍ സഞ്ചരിച്ചു ഞങ്ങള്‍ ബൈന്ദൂര്‍ എന്ന ചെറിയ പട്ടണത്തില്‍ എത്തി അവിടെ നിന്നും ആളുകളെ കുത്തി നിറച്ചു ട്രിപ്പ് അടിക്കുന്ന ടെമ്പോയില്‍ 8 കിലോമീറ്ററുകള്‍ യാത്രചെയ്തു അതിപുരാതനമായ ഒരു ശിവ ക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന  മുരുഡേശ്വരത്തു എത്തിചേര്‍ന്നു.

ഒട്ടനേകം തമിള്‍, കന്നഡ ,തെലുങ്ക്‌ സിനിമകളിലൂടെ പ്രസിദ്ദമായ ഭീമാകാരമായ ഒരു ശിവ പ്രതിമയും അതിനടുത്തായി ആകാശം മുട്ടുന്ന ഒരു ഗോപുരവും അടങ്ങുന്ന ഒരു ഉദ്യാനം കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നതാണ് മുരുഡേശ്വരം .
അങ്ങനെ ജഗത്മാതാ ആദിപരാശക്തി മൂകാംബികാദേവി എന്ന അമ്മയെയും , കാലഭൈരവന്‍ കൈലാസനാഥന്‍ എന്റെ ഇഷ്ട ദൈവം ശിവനെയും കണ്ടു വീണു കിട്ടിയ ഈ അവധികള്‍ ഉത്സവമാക്കി ഞങ്ങള്‍ മുരുഡേശ്വരത്തു നിന്നും പൂനെ - എറണാകുളം ട്രെയിനില്‍ തിരിച്ചു നാട്ടിലേക്ക് പോന്നു .

 
ഒരു രഹസ്യം പറയട്ടെ ഈ യാത്രയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും 
ആകെ ചിലവായത് വെറും 1700 രൂപയില്‍ താഴെ മാത്രമാണ് .
simply the best 
എന്ന് വിശേഷിപ്പിക്കാം ഈ യാത്രയെ 


ഈ ലിങ്കുകള്‍ കൂടി വായികുക 
..................................
**~*~***~*~** 
!! ശുഭം !!
-*-
 * 

Monday, 25 April 2011

മുടിനാരിഴക്കൊരു രക്ഷപ്പെടല്‍ ..!!

ഈ കഴിഞ്ഞ ദിവസം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിക്ക് ,രാത്രി 11 30 കഴിഞ്ഞു ,വീടെത്താന്‍ ഇനി 5 മിനിറ്റ് മാത്രെം ബാക്കി വേമ്പനാട്ടു  കായലിനു കുറുകെ കെട്ടിയ അരൂര്‍ കുമ്പളം പാലം എത്താന്‍ അര കിലോമീറ്റര് കൂടി ഉണ്ട് , അതിനു കുറച്ചു മുന്നിലായി പുതുതായ് പണിതു കൊണ്ടിരിക്കുന്ന എല്ലാ വിധ സൌകര്യങ്ങളും ഉണ്ടാകും എന്ന്  അവകാശപെടുന്ന ടോല്‍ ബൂത്ത്‌ , അതിനു മുന്നിലും പിന്നിലുമായി പണി തീര്‍ന്ന രണ്ടു വരി ഹംബുകളും ....

മര്യാദക്ക്  വണ്ടി ഓടിച്ചു വന്നുകൊണ്ടിരുന്ന എനിക്ക്  ദൂരെ നിന്നും അതി വേഗതയില്‍ വരുന്ന ഒരു കാറിനെ ബൈക്കിന്റെ മിററിലൂടെ കാണാന്‍ സാദിച്ചു ,ഞാനത് കണ്ടില്ലായിരുന്നു എങ്കില്‍ ഇന്നീ ബ്ലോഗ്‌ എഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല . .

ആ കാറിന്റെ വരവില്‍ പന്തികേട്‌ തോന്നിയ ഞാന്‍ എന്റെ ബൈക്ക് റോഡ്‌ സൈഡില്‍ കഴിയാവുന്നത്ര ഒതുക്കി നിര്‍ത്തി , എന്നെയും എന്റെ മുന്നിലുള്ള മറ്റൊരു ബൈക്കിനേയും തട്ടി തട്ടിയില്ല എന്ന മട്ടില്‍ ഓവര്‍ ടേക്ക് ചെയ്തുകൊണ്ട് അതി വേഗത്തില്‍ ആ കറുത്ത  കാര്‍ പാഞ്ഞു പോയി .

പിന്നെ ഞാന്‍ കണ്ടത് ഒരു വലിയ ശബ്ദത്തോടെ ആ കാര്‍ ഹമ്പ് ചാടുന്നതാണ്,ക്യാരംസ് ബോര്‍ഡിലെ കോയിന്‍ ബോര്‍ഡിലെ വശങ്ങളില്‍ തട്ടുംപോലെ  ആ കാര്‍ ഹമ്പ് ചാടിക്കടന്നു വശങ്ങളില്‍ കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തികളില്‍ തട്ടി വലിയൊരു ശബ്ദത്തോടെ റോഡില്‍ നിരങ്ങി നീങ്ങി നിന്നു .തൊട്ടു പുറകില്‍ ഉണ്ടായിരുന്ന എന്റെ മേല്‍  ആ കാറില്‍ നിന്നു എന്തൊക്കെയോ അടര്‍ന്നു വന്നു കൊണ്ടു  , എന്റെ ഹൃദയമിടിപ്പ്‌ ഒരു നിമിഷം നിന്ന് പോയി ..

മുന്നിലുണ്ടായിരുന്ന ആ ബൈക്ക് കാരനെ ഞാന്‍ നോക്കി അയാളെ അവിടെയെങ്ങും കണ്ടില്ല , ആ കാറില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു അപ്പോള്‍ , എന്റെ ബൈക്ക് ഒതുക്കി നിര്‍ത്തി ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ , എന്റെ അടുത്തേക്ക് നടന്നു വരുന്ന ആ ബൈക്ക് കാരനെ ഞാന്‍ കണ്ടു , അയാള്‍ക്കും എന്റെ അതെ അവസ്ഥ ആയിരുന്നു , അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു   അപ്പോള്‍ ..
ആ കാറില്‍ ഉള്ളവരെ നോക്കണ്ടേ .. ? അയ്യാള്‍ ചോദിച്ചു
വാ നോക്കാം .. ഞാനും പറഞ്ഞു
ആ കാറില്‍ എത്ര പെരുണ്ടെന്നോ അവര്‍ക്കൊക്കെ എന്ത് പറ്റിയെന്നോ അറിയില്ല ,  നെഞ്ചിടിപ്പ് ഉച്ചത്തിലായി ശരീരം മൊത്തം വിയര്‍ക്കുന്നു എന്ത് ചെയ്യണം എന്നറിയില്ല ,  ഒരു കണക്കിന് ദൈര്യം സംഭരിച്ചു ഞങ്ങള്‍ മൊബൈലിലെ ടോറച്ച് തെളിച്ചു ആ കാറിനടുത്ത് ചെന്നു , അതില്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ , ചെറുതായി പിടച്ചുകൊണ്ട്  അയാള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും മാറി ഇടതു വശം ചരിഞ്ഞു കിടക്കുന്നു ,കാലുകള്‍ സീറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കാണുമ്പോളേ അറിയാം , അപ്പോളേക്കും മറ്റു ചില വണ്ടികളിലെ ഡ്രൈവര്‍മാരും അടുത്ത വീടുകളിലെ ചില ആളുകളും എത്തിയിരുന്നു ,

ഞാന്‍ മൊബൈല്‍ എടുത്തു അടുത്തുള്ള അരൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു ,

ആ കാറിന്റെ ഒരു വശം തീര്‍ത്തും തകര്‍ന്ന അവസ്ഥ ആയിരുന്നു , കാറിനു ചുറ്റും പച്ച നിറത്തില്‍ എന്തോ ഒഴുകി പടരുന്നു , കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ  മനം മടുപ്പിക്കുന്ന ഗന്ധംഅവിടെയാകെ നിറഞ്ഞു ,ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ആ കാറിന്റെ ഇടതു വശത്തെ ഡോര്‍  തുറന്നു ,  ആ കാറിലെ ആള്‍ക്ക് ബോധം നശിച്ചിരുന്നു, ടയര്‍ റോഡില്‍ ഉരഞ്ഞ ആ മണം പിന്നെയും സഹിക്കാം പക്ഷെ അയാളില്‍ നിന്നും വരുന്ന മദ്യത്തിന്റെ മണം സഹിക്കാന്‍ ഞങ്ങള്‍ നന്നേ പാടു പെട്ടു .

അപകടത്തില്‍ പെട്ടവനോട് അനുകമ്പ തോന്നെണ്ടതിനു പകരം മദ്യപിച്ചു വണ്ടി ഓടിച്ചു എന്റെ ജീവിതം കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചവനെ  അറപ്പോടെയാണ് ഞാന്‍ നോക്കിയത് .

വലതു വശത്തെ ഡോര്‍ ഒരു വിധത്തില്‍ തുറന്നു സീറ്റുകള്‍ പിറകിലേക്ക് മാറ്റി അയാളുടെ കാലുകള്‍ നേരെ വയ്ച്ചു , അയാളുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു സ്ടിയരിംഗ് നെഞ്ചില്‍ ഇടിച്ചതാവം കാരണം . ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോളെക്കും പോലീസ് എത്തി അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ...    
മുടിനാരിഴ വ്യത്യാസത്തില്‍ തിരിച്ചു കിട്ടിയ ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കും പോന്നു .ഒരു ഫുള്‍ ജഗ്ഗ് വെള്ളം കുടിച്ചു തീര്‍ത്താണ് ഞാന്‍ അന്ന് ഉറങ്ങാന്‍ കിടന്നത് . 

പിറ്റേ ദിവസം അതുവഴി പോയപ്പോള്‍ റോഡില്‍ ഒതുക്കി ഇട്ടിരുന്ന എന്റെ കാലനാവേണ്ടിയിരുന്ന ആ കാര്‍ കണ്ടപ്പോള്‍ മൊബൈലില്‍ ഞാന്‍ വെറുതെ ഒന്ന് ക്ലിക്കി , അയാള്‍ക്ക്‌ എന്ത് പറ്റി എന്ന്  ഞാന്‍ തിരക്കാന്‍ പോയില്ല . 

"മദ്യപാനമാണെടോ മനസ്സിനോരാനന്ദം
തുള്ളിയോളം ഉള്ളില്‍ചെന്നാല്‍ 
സ്വര്‍ഗലോകമാണെടോ "

എന്ന് കരുതുന്നവന്‍ 
ചത്തോ ജീവിച്ചോ എന്നെന്തിനു ഞാന്‍ തിരക്കണം .

യാത്രക്കിടയില്‍ തടസ്സം സൃഷ്ട്ടിച്ചു കൊണ്ട്  ഊതിക്കാന്‍ നില്‍ക്കുന്ന ഹൈവേ പോലീസുകാരും മറ്റും , കൈക്കൂലി വാങ്ങി ഒതുക്കാതെ  ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കി മദ്യപിച്ചു വണ്ടി ഓടിച്ചു മറ്റുള്ളവരെ കൂടി അപകടപ്പെടുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍  ഇനിയെങ്കിലും കുറച്ചു  ശ്രദ്ധിച്ചിരുന്നെകില്‍  ..!!

നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌.

എനിക്ക് ഈ അടുത്ത് വന്ന ഒരു മെയില്‍ ആണിത് , ഉള്ളടക്കത്തിന്റെ പ്രാദാന്യം കൊണ്ട്  അത് അപ്പാടെ തന്നെ ഞാന്‍ എന്റെ ഈ ബ്ലോഗില്‍ ഇടുന്നു 

****************
ഒരിക്കലും നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌... അത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്... സൂക്ഷിക്കുക... നിങ്ങളുടെ അബദ്ദം ഒരു പക്ഷെ മറ്റൊരാളുടെ ജീവന്‍ തന്നെ അപകടത്തിലക്കിയേക്കാം...

ബംഗ്ലൂരിലെ ഒരു ലോകല്‍ ഹോസ്പിറ്റലിലാണ് ഇത് സംഭവിച്ചത്‌.
നാലു വയസുള്ള ഒരു പെണ്‍കുട്ടിയെ എല്ല് സംബന്ധമായ ഒരു ഒപെരേഷന് വേണ്ടി ഇവിടെ അഡ്മിറ്റ്‌ ചെയ്തു. അതൊരു മൈനെര്‍ ഒപെരേഷനായിരുന്നെന്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതായി വന്നു. ഓപ്പറേഷന്റെ പാതി വഴിയില്‍ വെച്ച് ഈ സിസ്റ്റം പെട്ടെന്ന് നിന്ന് പോയി.. നോക്കുമ്പോള്‍ ഓപറേഷന്‍ തിയേറ്ററിനു പുറത്ത്‌ ആരോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കുന്നു. ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ ഡോക്ടര്‍മാര്‍ സെറ്റ്‌ ചെയ്തിരുന്ന ചില വാല്യുസുമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള ചില ഡാറ്റാസ് വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സിസ്റ്റം നിന്ന് പോയത്‌. തല്‍ഫലമായി പാവം നിഷ്കളങ്കയായ കുട്ടി മരിച്ചു പോയി.
ഓര്‍ക്കുക- മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുള്ള സ്ഥലങ്ങളിലൊന്നും അത് ഉപയോഗിക്കരുത്‌.... അതൊരു പക്ഷെ മറ്റു ചിലരെ നിങ്ങളറിയാതെ തന്നെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം... അധിക പേരും ഇത്തരം കാര്യങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ല.

Last Word :

Please avoid using your mobile phones in hospitals / petrol pumps / aircraft etc ... wherever it is mentioned no use of mobiles, go by the rules, it's a matter of life & death.
.......
ഈ മെയില്‍ എനിക്ക് അത്ര നിസ്സാരമായി വെറുതെ വായിച്ചു തള്ളി കളയാന്‍ തോന്നിയില്ല , ഗൌരവമായെടുക്കേണ്ട ഒരു വിഷയം അല്ലെ കൂട്ടുകാരെ ഇതും ...

Wednesday, 20 April 2011

ഒരു മയില്‍‌പ്പീലി പോലെ

ഒരു മയില്‍‌പ്പീലി പോലെ
മമ മനതാരിനെ പ്രണയാര്‍ദ്രമാക്കുന്ന -
സ്നേഹ സൗന്ദര്യമാം പൊന്മയില്‍ പീലി നീ .
ഏകാന്ത മായോരെന്‍ ജീവിതത്താരയില്‍ -
ഒരു കുളിര്‍ തെന്നലായ് നീ അന്നണഞ്ഞതും .     
നിന്റെ സൌഹാര്ദ്ദമാം കിരണങ്ങള്‍ ഏറ്റു ഞാന്‍ -
ആകെ അലിഞ്ഞുപോയ് ഹൃദയം നിറഞ്ഞു പോയ്‌ .
സാമോദ നിമിഷങ്ങള്‍ മാത്രമായ് അന്നു നാം -
ഈ സ്നേഹവാടിയില്‍ പാറിപ്പറന്നപ്പോള്‍ ,
ഒരു മാത്രയന്നെന്‍ മനസ്സില്‍ നിനച്ചു ഞാന്‍ ,
ഈ വിശ്വ വിജയികള്‍ നാം മാത്രമാണെന്ന്.
നിഴലിന്റെ തണലേകി നീ ചാരേ നില്‍ക്കുമ്പോള്‍ -
ഒരു മാത്രപോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ ആശിച്ചിരുന്നെന്നു .

ഒരു കുഞ്ഞു രോഷത്താല്‍ നീ മാറി നിന്നപ്പോള്‍ -
ഒരു ഞൊടി കൊണ്ടെന്റെ ചലനങ്ങള്‍ നിന്നുപോയ് .
ഒരു പ്രണയത്തിന്റെ പോന്മയിലായി നീ -
വേണ്ടുമെന്‍ മുന്നിലന്നാടി തിമിര്ക്കുമ്പോള്‍ ,
പ്രണയാര്‍ദ്രമായോരാ നിന്‍ മാനസത്തെ ഞാന്‍  ,
ദൂരെനിന്നാശയാല്‍ നോക്കുന്ന നേരത്തും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്നു.

ഒരു പാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ മെനഞ്ഞു നാം -
വിധിതന്‍ കരാളമാം ഹസ്തങ്ങളില്‍ പെട്ടു ,
ഒരു ജയത്തിന്നായ് അടരാടിടുമ്പോഴും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നെന്നു .

ഒടുവിലാ ക്രൂരനാം വിധി നമ്മെ ജയിച്ചപ്പോള്‍  -
അശ്രു കണങ്ങളാല്‍ അരുവികള്‍ തീര്‍ത്തുനാം ,
ജീവിതതാരയില്‍ ഇരുവഴി തേടിപ്പോയ് .
അബലരായ് മൂകരായ്‌ തമ്മില്‍ പിരിഞ്ഞപ്പോള്‍ -
ഒരുമാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ വിരഹമാണിനീയെന്‍ വിധിയെന്ന് .

എങ്കിലും ഇന്നും ഞാന്‍ ഓര്‍ക്കുന്നു ,കേഴുന്നു -
എന്‍ മനതാരിലിതാ .... കാത്തു വയ്ക്കുന്നു ,
മങ്ങാത്ത മായാത്ത മധുരമാം ഓര്‍മകള്‍ -
ഒരു പാട് നല്കിയിന്നെന്നെ പിരിഞോരീ ,
നീയെന്ന എന്റെയീ പൊന്മയില്‍ പീലിയെ ..