താളുകള്‍

Monday 30 May 2011

... മായിക ...

_____________________________________
========================
 ... മായിക ...
===================
അമ്പലമുറ്റത്തെയാല്‍ത്തറ ചോട്ടിലായ  -
ന്നൊരു സന്ധ്യക്കു ഞാനിരിക്കെ
കുങ്കുമം ചാര്‍ത്തിയ സന്ധ്യയിലായിരം
കാര്‍ത്തിക ദീപങ്ങള്‍ കണ്ണു ചിമ്മേ
ഭക്തി ഗാനത്തിന്റെ ലഹരിയില്‍ അന്നൊരാ -
പ്രകൃതിയും ഞാനും ലയിച്ചു നില്‍ക്കെ
പട്ടും വളയും അണിഞ്ഞും കൊണ്ടാ ദേവി 
കൊവിലിനുള്ളില്‍ വിളങ്ങി നിന്നു .

അന്നത്തെ യാത്രയ്ക്ക് അന്ത്യം കുറിച്ചും
കൊണ്ടാകാശ പറവകള്‍ കൂടണയെ
ദൂരെയിരുന്നൊരു നാരായണക്കിളി
കൂവി വിളിക്കണ പാട്ടും കേട്ട്  
ആല്‍മരമുകളിലിരുന്നൊരിണക്കിളി
നാണിച്ചു നിന്നോരാ നേരത്ത്
 ചെമ്പകപൂമണം തന്നില്‍ നിറച്ചും കൊണ്ട -
 പ്പോളെന്‍ അരികിലൊരു തെന്നല്‍ വന്നു .

ചുറ്റുവിളക്കിന്റെ പ്രഭയിലന്നേരമൊരു -
 പൊന്‍ പ്രഭാ വലയമായ് നീ വരുമ്പോള്‍
അമ്പലം ചുറ്റുന്ന നിന്നുടല്‍ ചലനത്തിലാ -
പാദകൊലുസ്സുകള്‍ വീണമീട്ടി ,
കാര്‍ക്കൂന്തലിളകുന്ന താളത്തിലാ കാറ്റ്
കാച്ചെണ്ണമണമങ്ങു കട്ടെടുക്കെ ,
നിന്‍ പാദസ്പര്‍ശനം ഏല്‍ക്കുന്നനേരമാ -
മണ്‍തരി പോലും മയങ്ങി നിന്നു .

 നടതുറന്നാ ദേവി സ്വയമിന്നു ഭൂമിയില്‍ 
വന്നിതാ നിന്നുവെന്നോര്‍ത്തു ഞാനും 
കലികാലഭൈരവി ദേവി ഭഗവതി 
ഭക്തന്റെ ചിത്തം പരീക്ഷിക്കുകില്‍ 
അറിയാതെഴുന്നേറ്റു പോയി ഞാനപ്പൊളെന്‍
കൈകളും തോഴുതുപോയ് ഭക്തിയാലെ
 ആ അസുലഭസൗന്ദര്യ നിമിഷത്തിലെന്‍മനം  
 മായയില്‍ അലിയുന്ന കാഴ്ച കണ്ട്
സര്‍വ്വാഭരണ വിഭൂഷിതയായോരാ
ദേവിയൊന്നപ്പൊളായ് പുഞ്ചിരിച്ചോ ?.

വിണ്ണിലെ താരകം പാരിതില്‍ വന്നപോല്‍
ആ മണ്ണില്‍ നിന്നു നീ പ്രഭചോരിയെ
തിങ്കളും തോല്‍ക്കുന്ന നിന്‍മുഖം കണ്ടന്ന്
ദീപങ്ങള്‍ നാണിച്ചു തലകുനിയ്ക്കെ 
ഞാനറിയാതെയെന്‍ കണ്ണുകളാരൂപ -
മൊന്നാകെ ഹൃദയത്തില്‍ കൊത്തി വയ്ച്ചു

ഒരു ദര്‍ശനത്തിന്റെ ചന്ദനം ചാര്‍ത്തി നീ 
പതിയെ തിരിഞ്ഞു നടന്നിടുമ്പോള്‍
ആല്‍ത്തറ ചാരത്തു ശിലയായി മാറിഞാന്‍
പ്രജ്ഞയറ്റങ്ങനെ നിന്ന നേരം
ഒരു മന്ദഹാസത്താല്‍ മോക്ഷമേകാതെ നീ
ദൂരേയ്ക്ക് പതിയെ നടന്നു പോയി .

 ആ കണ്ണിന്‍മുന കൊണ്ടു ചങ്ങല തീര്ത്തെ -
ന്നെയമ്പലമുറ്റത്തായ് കെട്ടിയിട്ട് ,
പാറി പ്പറന്നു നടന്ന മനസ്സിനെ 
ഒരു ഞൊടി കൊണ്ടങ്ങു കൂട്ടിലിട്ട് ,
ചക്രവാളത്തിന്റെ അങ്ങേ തലയ്ക്കല്‍ നീ 
ഒരു പൊട്ടു പോലന്നു മാഞ്ഞു പോയി .

  


11 comments:

സീത* said...

ഇതേത് ദേവിയാണു സാറേ...ഒന്നു കണ്ടിരുന്നേൽ കൊള്ളരുന്നു...ബെർതെ ഒന്നു മിണ്ടീം പറയാനുമാരുന്നേ...ഹിഹി..

ഇനി കവിതയെക്കുറിച്ച്...നല്ല ഈണത്തിൽ ...ലളിതമായ പദപ്രയോഗങ്ങളിൽ കുറിച്ചിട്ട ഒരു ചിന്ന പ്രണയകവിത...

സൂപ്പറായി സാറേ...നമോവാകം...

രമേശ്‌ അരൂര്‍ said...

പണ്ട് അരൂര്‍ ശ്രീ കാര്‍ത്യായനി ക്ഷേത്ര മുറ്റത്ത്‌ ചെല്ലുമ്പോള്‍ ഇത് പോലെ കുറെ ദേവിമാര്‍ അമ്പലം ചുറ്റുന്നത്‌ കണ്ടു കുറെ കവിത എഴുതിയിട്ടുണ്ട് ...
:)
ഒക്കെ ശരിയായി ക്കൊള്ളും ..കുറച്ചു കൂടി ക്ഷെമി ..:)

Unknown said...

സീതേ ..
ഒന്ന് കണ്ടിരുന്നെങ്കില്‍ കൊള്ളായിരുന്നു .. ബെറുതെ മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..
ഇതു തന്നെയാണ് എന്റെയും പ്രശ്നം ..വെറും ഭാവനയായി പോയില്ലേ ദേവീ .. എന്ത് ചെയ്യാനാ ..ഹിഹി..

സാറേ ..രമേഷേട്ടോയ് ...
പണ്ടെഴുതിയ കവിതകളൊക്കെ ചുമ്മാ എടുത്തങ്ങു പോസ്റ്റൂ ..
ഞങ്ങളും വായിച്ചു രസിക്കട്ടെന്നേ ..
...................
ദേ വെറുതേ ഈ പാവത്തിനെ സംശയിച്ചേക്കല്ലേ ... :)

neeraja said...

Hi sudhi, putiya post kandappol keri vayichirunnu. . . . Orupad ishtamavukem cheythu tante kavi bhavana(kavitha vayichappol anganeya tonniye) ennal ippol entho oru doubt sathyam parayu.....?????? Mmm mmmm nadakkatte nadakkatte.

ഇലഞ്ഞിപൂക്കള്‍ said...

ഈണമുള്ളൊരു കവിത,, നന്നായിട്ടുണ്ട് ഈ പ്രണയസങ്കൽപ്പങ്ങള്‍.....

ഋതുസഞ്ജന said...

കവിത നന്നായിട്ടുണ്ട് ട്ടോ...... ലളിതം സുന്ദരം ഈണത്തിൽ ചൊല്ലാം.... പിന്നെ ക്ഷേത്രമുറ്റത്തെ ദേവീദർശനം! വായ്നോട്ടത്തെ ഏറ്റവും ഭംഗിയായ രീതിയിൽ പറ്യാം അല്ലേ!

Unknown said...

നീരജാ ..
എന്താണ് ഡൌട്ട് ..?
ആ ഡൌട്ട് .. ഒരു വെറും ഡൌട്ട് ആണെന്ന് അറിയിക്കുന്നു ...

ഇലഞ്ഞിപ്പൂക്കള്‍ ....
നന്ദി വരവിനും വായിച്ചതിനും ..
വീണ്ടും വരിക ..

അഞ്ജൂ ...
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..
വായിനോട്ടമോ ..? അതെന്താ .?
അറിയാമെങ്കില്‍ പറഞ്ഞു തരാമോ ..?ഹി ഹി

Lipi Ranju said...

ഈശ്വരാ ... ഭാവന ആയിട്ട് ഇത്രേം മനോഹരം ! അപ്പൊ ശരിക്കും ഒരു ദേവി ഉണ്ടായിരുന്നെങ്കിലോ !! :))

Manoraj said...

കവിത പലരും പറഞ്ഞ പോലെ ലളിതമായ വരികളില്‍ എഴുതി. ലളിതഗാനം എന്ന് വിളിക്കാമോ ആവോ. ദേവിയെപറ്റിയൊക്കെ ആവുമ്പോള്‍ .. നല്ല പദസമ്പത്തുണ്ട്. ഇനിയും എഴുതുക.

K@nn(())raan*خلي ولي said...

@@
വായിച്ചു തുടങ്ങിയപ്പോള്‍ ചങ്ങമ്പുഴയ്ക്ക് പഠിക്കുവാണോന്ന് തോന്നിപ്പോയി. പുള്ളിക്കാരന്റെ 'മനസ്വിനി'യിലെ ദേവിയേയും ഓര്‍ത്തു പോയി.
നല്ല വരികള്‍ ആസ്വദിച്ചു.

(ഹും ഭാവനയാണത്രേ ഭാവന! പെണ്ണിന്റെ പിറകെ ചെന്ന് തല്ലുകൊണ്ടാല്‍ ഏതു ബ്ലോഗറും കവിത എഴുതിപ്പോകും. ഹമ്പഡാ..!)

**

ചന്തു നായർ said...

ഞാൻ ഇവിടെ ആദ്യമായാണ്........ തെറ്റും കുറ്റാവും ഒന്നും പറയുന്നില്ലാ...അതൊക്കെ പിന്നീട്... ഈ കവിക്ക് എന്റെ എല്ലാ ഭാവുകങ്ങളൂം