താളുകള്‍

Tuesday, 26 April 2011

mookambika - പരാശക്തിയുടെ നടയില്‍

*** സമുദ്രവസനേ  ദേവി പര്‍വതസ്തന മന്ധലെ 
വിഷ്ണു പത്നി നമോസ്തുഭ്യം   
പാദസ്പര്‍ശം ക്ഷമസ്വമേ ***


 മൂന്ന് ദിവസം അടുപ്പിച്ചു കിട്ടുന്ന ഈ കഴിഞ്ഞ  ഈസ്റ്റര്‍ ദിനാവധിയില്‍ ഒരു യാത്ര പോകണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എവിടെയ്ക്കെന്നോ  എങ്ങിനെയെന്നോ ഒഴിച്ച് , അങ്ങിനെ ചെന്നയില്‍ ഉള്ള എന്റെ സുഹൃത്തിന്റെ  നിരന്തരമായ ക്ഷണം സ്വീകരിച്ചു ചെന്നയില്‍ പോകാമെന്ന് ആദ്യം തീരുമാനിച്ചു , പക്ഷെ പിന്നീടത്‌ മാറ്റി തഞ്ചാവൂര്‍ ആക്കി , തഞ്ചാവൂര്‍ പണ്ട് സ്കൂളില്‍ തക്ഷശില എന്ന പാഠം പഠിച്ച അന്നു മുതല്‍ മനസ്സില്‍ കേറിക്കൂടിയതാണ് , ചെന്നയില്‍ ഉള്ള സുഹൃത്ത്‌ അവിടെ എത്താമെന്നും    പറഞ്ഞു, അതനുസരിച്ച് ട്രിപ്പ് അവിടെയ്ക്കെന്നു ഉറപ്പിച്ചു ഇരിക്കുമ്പോളാണ്  യാദ്രിശ്ചികമായി ആ സുഹൃത്തിന്റെ ബിസ്സിനെസ്സ് ആവശ്യങ്ങള്‍ മൂലം എത്താന്‍ പറ്റില്ലെന്ന് അറിയിച്ചത് , മാത്രമല്ല തന്ജാവൂരില്‍  ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്ന വെയിലാണെന്നും കേട്ടു ,ചൂട് ഇഷ്ടമല്ലാത്ത  ഞാനങ്ങനെ  ആ പരിപാടിയും വേണ്ടെന്നു വച്ചു , അപ്പോളാണ് കൂടെ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത്‌ മൂകാംബിക പോകാം എന്ന് പറയുന്നത് .ഇതുവരെ ഞാന്‍ പോകാത്ത സ്ഥലം , അങ്ങനെ മൂകാംബിക യാത്ര ഉറപ്പിച്ചു ,ഒരുക്കങ്ങള്‍ തീര്‍ത്തു ഞങ്ങള്‍  യാത്രയായി.

എറണാകുളത്തു നിന്നും വെള്ളിയാഴ്ച വൈകിട്ട്  8നു പുറപ്പെടുന്ന ദുര്‍ഗാംബാ എന്ന ബസ്സില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തു ,ഞാന്‍ എറണാകുളത്തു നിന്നും അവര്‍ തൃശൂരില്‍ നിന്നും കയറി , ശനിയാഴ്ച രാവിലെ 9 30 നു കുന്താപുരത്തു    ഞങ്ങള്‍ എത്തി അവിടെ നിന്നും കൊല്ലുര്‍ക്ക് ബസ്സില്‍ യാത്ര , കുടജാദ്രി മലയുടെ  താഴ്വരയിലെ അതി സുന്ദരമായ ഒരു ഗ്രാമമാണ് ഉടുപ്പി ജില്ലയിലെ കൊല്ലൂര്‍ .ഇവിടെയാണ് ലോക മാതാവായ ദേവി കുടികൊള്ളുന്ന പ്രസ്സിദ്ദമായ  മൂകാംബിക ക്ഷേത്രം .

വിശ്വജനനിയായ ദേവിയെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ശ്രീശങ്കരാചാര്യര്‍  തപസ്സു ചെയ്തു പ്രത്യക്ഷയാക്കുകയും , കൂടെ അനുഗമിച്ച ദേവിയെ "യാത്രയില്‍ തിരിഞ്ഞു നോക്കരുത് "എന്ന ദേവിയുടെ ആജ്ഞ മറന്നു ശങ്കരാചാര്യര്‍ തിരിഞ്ഞു  നോക്കിയപ്പോള്‍  ദേവി ആ സ്ഥലത്ത് സ്വയം ഭൂവില്‍ ലയിച്ചു , മൂകാസുരനെ ദേവി വദിച്ച ആ സ്ഥലം മൂകാംബിക ആയി അറിയപെട്ടു ,അങ്ങിനെ ശ്രീ ശങ്കരാചാര്യരാല്‍ പ്രതിഷ് ഠിതമായ ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം , ഇതാണ്  ഐതീഹ്യം .

 പുണ്യനദി സൌപര്‍ണ്ണികാ തീരത്ത് സ്വര്‍ഗ്ഗതുല്യമായ പ്രകൃതി രമണീയതയില്‍ സ്ഥിതി ചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍  അനിര്‍വചനീയമായ ഒരു ആനന്ദം മനസ്സിന് ലഭിക്കുന്നു .
( ഒരിക്കലെങ്കിലും പോയവരുടെ അനുഭവമാണിത്  )

കേരളത്തിലെ പൂജാരീതികള്‍ തന്നെയാണ് ഇവിടെയും അനുഷ്ടിക്കുന്നത്.പക്ഷേ കേരളത്തില്‍ ഒഴിച്ച് മറ്റെവിടെയും ശ്രീകൊവിലിനുള്ളില്‍ വരെ ഫോട്ടോ എടുക്കാം. ഒത്തിരി ആളുകള്‍ ദേവീ വിഗ്രഹം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു എങ്കിലും ദേവിയുടെ ഫോട്ടോ എടുക്കാന്‍ എനിക്കു ദൈര്യം കിട്ടിയില്ല ദൈര്യം കിട്ടിയാലും ആ അഹങ്കാരം  ചെയ്യാനെനിക്കു മനസ്സ് വരുമായിരുന്നില്ല പകരം ദേവിയെ മനസ്സിലും അമ്പലവും പരിസ്സരവും  ഞാന്‍ ക്യാമറയിലും പകര്‍ത്തി . 
  ആ ചൈതന്യം ആവോളം അനുഭവിച്ചു  ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍  പെറ്റമ്മയെ പിരിയുന്ന കുഞ്ഞിന്റെ  വേദന എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.

എന്റെ ഈ യാത്ര മൂന്ന് പോസ്റ്റുകള്‍ ആയാണ് ആഡ് ചെയ്തിരിക്കുന്നത്  അതെല്ലാം വായിച്ചു അഭിപ്രായം പറയുമല്ലോ ല്ലേ ..

kudajaadri - കുടജാദ്രിയിലെ മേഘങ്ങള്‍ക്കൊപ്പം

.. കുടജാദ്രിയില്‍ കുടികൊള്ളും ഭഗവതി ..

മൂകാംബികാ ദേവിയുടെ മൂലസ്ഥാനം അതാണ്‌ കുടജാദ്രി , കൊല്ലൂരില്‍ നിന്നും ഏകദേശം 20 കിലോമീറ്ററുകള്‍ യാത്രചെയ്തു നാഗോഡി എന്ന സ്ഥലത്തു ചെന്ന് ,അവിടെ നിന്നും കാട്ടിലൂടെ യാത്ര തിരിച്ചു കുത്തനെയ്യുള്ള കയറ്റങ്ങളും കയറി പച്ച പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന മലയും താണ്ടി ചെന്നാല്‍ കുടജാദ്രിയുടെ നെറുകയിലെത്തുന്നു .മൂകാംബികയില്‍ നിന്നും ജീപ്പ് മാത്രമാണ് ഇവിടെയെത്താന്‍ ശരണം അല്ലെങ്കില്‍ ഈ ദൂരമത്രയും നടക്കണം .

ചില സമയങ്ങളില്‍ ഇവിടെ നിന്ന് നോക്കിയാല്‍ താഴെ മേഘങ്ങള്‍ ഒഴുകി നടക്കുന്നത് കാണാം ,കോട മഞ്ഞു കൊണ്ട് പ്രകൃതി ഇവിടെ ചിലപ്പോള്‍ നമ്മുടെ കണ്ണ് കെട്ടിക്കളയും , ആഞ്ഞു വീശുന്ന തണുത്ത കാറ്റും പ്രകൃതി രമണീയതയും കുടജാദ്രിക്കു ദൈവികതാ പരിവേഷ്യം വേണ്ടുവോളം  നല്‍കുന്നു , ഹിമാലയത്തിലെ മാനസസരോവര യാത്രയുടെ വളരെ ചെറിയൊരു പതിപ്പാണ്‌ കുടജാദ്രി യാത്ര .  

ഔഷദ സസ്യങ്ങളുടെ കലവറയായ ഇവിടം സാക്ഷാല്‍ ശ്രീ ഹനുമാന്‍ മൃതസഞ്ജീവനി മല കൊണ്ടുപോകുമ്പോള്‍ അടര്‍ന്നു വീണ ഭാഗമാണെന്നു ഐതീഹ്യം പറയുന്നു .കുടജം എന്ന സസ്യം ധാരാളം കാണുന്നതിനാല്‍ കുടജാദ്രി എന്ന പേര് വന്നത്രെ .

കുടജാദ്രി മലയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക്  എത്തിച്ചേരുന്ന  ഒരു ഗുഹ ഇവിടെയുണ്ട് ,ഗണപതി ഗുഹ എന്നത് അറിയപ്പെടുന്നു,
 കുടജാദ്രിയുടെ നെറുകയില്‍ ശ്രീ ശങ്കരാ ചാര്യരുടെ വിഗ്രഹം കുടികൊള്ളുന്ന  ഒരു കല്‍മണ്ടപം ഉണ്ട് ,സര്‍വജ്ഞ പീഠം എന്നറിയപ്പെടുന്ന എവിടെ നിന്നും താഴോട്ടു കുത്തനെയുള്ള ഇറക്കം ഇറങ്ങി ചെന്നാല്‍  ചിത്ര മൂല ഗുഹയും  അതിനടുത്തായി ഒരിക്കലും വറ്റാത്ത ഒരു നീരുറവയും കാണാം (ശങ്കരാ ചാര്യര്‍ ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ദാഹമകറ്റാന്‍ ദേവി സ്വയം സ്രിഷ്ടിച്ചതാന്നു ഈ നീരുറവ എന്നും പറയുന്നു ) ഈ ജലധാര തലയില്‍ വീണപ്പോള്‍ എന്റെ ക്ഷീണമെല്ലാം പമ്പ കടന്നു ആ വെള്ളം കുപ്പിയിലെടുത്തു ഞങ്ങള്‍ മലയിറങ്ങി ..


അടുത്ത പേജിലെ  മുരുഡേശ്വര യാത്രാ വിവരങ്ങളും ചിത്രങ്ങളോടും  കൂടി ഈ യാത്ര അവസാനിക്കുന്നു 

ഈ പോസ്റ്റുകള്‍ കൂടി വായിക്കുക 

murudeshwaram - മുരുഡേശ്വര സന്നിധിയില്‍

!! ഓം:നമോ ഭഗവതേ .. രുദ്രായ !!


 മൂകാംബികയില്‍ നിന്നും (കൊല്ലൂര്‍ ) ബസ്സില്‍ ഭട്കല എന്ന ഗ്രാമം വഴി 68കിലോമീറ്ററുകള്‍ സഞ്ചരിച്ചു ഞങ്ങള്‍ ബൈന്ദൂര്‍ എന്ന ചെറിയ പട്ടണത്തില്‍ എത്തി അവിടെ നിന്നും ആളുകളെ കുത്തി നിറച്ചു ട്രിപ്പ് അടിക്കുന്ന ടെമ്പോയില്‍ 8 കിലോമീറ്ററുകള്‍ യാത്രചെയ്തു അതിപുരാതനമായ ഒരു ശിവ ക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന  മുരുഡേശ്വരത്തു എത്തിചേര്‍ന്നു.

ഒട്ടനേകം തമിള്‍, കന്നഡ ,തെലുങ്ക്‌ സിനിമകളിലൂടെ പ്രസിദ്ദമായ ഭീമാകാരമായ ഒരു ശിവ പ്രതിമയും അതിനടുത്തായി ആകാശം മുട്ടുന്ന ഒരു ഗോപുരവും അടങ്ങുന്ന ഒരു ഉദ്യാനം കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നതാണ് മുരുഡേശ്വരം .
അങ്ങനെ ജഗത്മാതാ ആദിപരാശക്തി മൂകാംബികാദേവി എന്ന അമ്മയെയും , കാലഭൈരവന്‍ കൈലാസനാഥന്‍ എന്റെ ഇഷ്ട ദൈവം ശിവനെയും കണ്ടു വീണു കിട്ടിയ ഈ അവധികള്‍ ഉത്സവമാക്കി ഞങ്ങള്‍ മുരുഡേശ്വരത്തു നിന്നും പൂനെ - എറണാകുളം ട്രെയിനില്‍ തിരിച്ചു നാട്ടിലേക്ക് പോന്നു .

 
ഒരു രഹസ്യം പറയട്ടെ ഈ യാത്രയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും 
ആകെ ചിലവായത് വെറും 1700 രൂപയില്‍ താഴെ മാത്രമാണ് .
simply the best 
എന്ന് വിശേഷിപ്പിക്കാം ഈ യാത്രയെ 


ഈ ലിങ്കുകള്‍ കൂടി വായികുക 
..................................
**~*~***~*~** 
!! ശുഭം !!
-*-
 * 

Monday, 25 April 2011

മുടിനാരിഴക്കൊരു രക്ഷപ്പെടല്‍ ..!!

ഈ കഴിഞ്ഞ ദിവസം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിക്ക് ,രാത്രി 11 30 കഴിഞ്ഞു ,വീടെത്താന്‍ ഇനി 5 മിനിറ്റ് മാത്രെം ബാക്കി വേമ്പനാട്ടു  കായലിനു കുറുകെ കെട്ടിയ അരൂര്‍ കുമ്പളം പാലം എത്താന്‍ അര കിലോമീറ്റര് കൂടി ഉണ്ട് , അതിനു കുറച്ചു മുന്നിലായി പുതുതായ് പണിതു കൊണ്ടിരിക്കുന്ന എല്ലാ വിധ സൌകര്യങ്ങളും ഉണ്ടാകും എന്ന്  അവകാശപെടുന്ന ടോല്‍ ബൂത്ത്‌ , അതിനു മുന്നിലും പിന്നിലുമായി പണി തീര്‍ന്ന രണ്ടു വരി ഹംബുകളും ....

മര്യാദക്ക്  വണ്ടി ഓടിച്ചു വന്നുകൊണ്ടിരുന്ന എനിക്ക്  ദൂരെ നിന്നും അതി വേഗതയില്‍ വരുന്ന ഒരു കാറിനെ ബൈക്കിന്റെ മിററിലൂടെ കാണാന്‍ സാദിച്ചു ,ഞാനത് കണ്ടില്ലായിരുന്നു എങ്കില്‍ ഇന്നീ ബ്ലോഗ്‌ എഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല . .

ആ കാറിന്റെ വരവില്‍ പന്തികേട്‌ തോന്നിയ ഞാന്‍ എന്റെ ബൈക്ക് റോഡ്‌ സൈഡില്‍ കഴിയാവുന്നത്ര ഒതുക്കി നിര്‍ത്തി , എന്നെയും എന്റെ മുന്നിലുള്ള മറ്റൊരു ബൈക്കിനേയും തട്ടി തട്ടിയില്ല എന്ന മട്ടില്‍ ഓവര്‍ ടേക്ക് ചെയ്തുകൊണ്ട് അതി വേഗത്തില്‍ ആ കറുത്ത  കാര്‍ പാഞ്ഞു പോയി .

പിന്നെ ഞാന്‍ കണ്ടത് ഒരു വലിയ ശബ്ദത്തോടെ ആ കാര്‍ ഹമ്പ് ചാടുന്നതാണ്,ക്യാരംസ് ബോര്‍ഡിലെ കോയിന്‍ ബോര്‍ഡിലെ വശങ്ങളില്‍ തട്ടുംപോലെ  ആ കാര്‍ ഹമ്പ് ചാടിക്കടന്നു വശങ്ങളില്‍ കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തികളില്‍ തട്ടി വലിയൊരു ശബ്ദത്തോടെ റോഡില്‍ നിരങ്ങി നീങ്ങി നിന്നു .തൊട്ടു പുറകില്‍ ഉണ്ടായിരുന്ന എന്റെ മേല്‍  ആ കാറില്‍ നിന്നു എന്തൊക്കെയോ അടര്‍ന്നു വന്നു കൊണ്ടു  , എന്റെ ഹൃദയമിടിപ്പ്‌ ഒരു നിമിഷം നിന്ന് പോയി ..

മുന്നിലുണ്ടായിരുന്ന ആ ബൈക്ക് കാരനെ ഞാന്‍ നോക്കി അയാളെ അവിടെയെങ്ങും കണ്ടില്ല , ആ കാറില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു അപ്പോള്‍ , എന്റെ ബൈക്ക് ഒതുക്കി നിര്‍ത്തി ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ , എന്റെ അടുത്തേക്ക് നടന്നു വരുന്ന ആ ബൈക്ക് കാരനെ ഞാന്‍ കണ്ടു , അയാള്‍ക്കും എന്റെ അതെ അവസ്ഥ ആയിരുന്നു , അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു   അപ്പോള്‍ ..
ആ കാറില്‍ ഉള്ളവരെ നോക്കണ്ടേ .. ? അയ്യാള്‍ ചോദിച്ചു
വാ നോക്കാം .. ഞാനും പറഞ്ഞു
ആ കാറില്‍ എത്ര പെരുണ്ടെന്നോ അവര്‍ക്കൊക്കെ എന്ത് പറ്റിയെന്നോ അറിയില്ല ,  നെഞ്ചിടിപ്പ് ഉച്ചത്തിലായി ശരീരം മൊത്തം വിയര്‍ക്കുന്നു എന്ത് ചെയ്യണം എന്നറിയില്ല ,  ഒരു കണക്കിന് ദൈര്യം സംഭരിച്ചു ഞങ്ങള്‍ മൊബൈലിലെ ടോറച്ച് തെളിച്ചു ആ കാറിനടുത്ത് ചെന്നു , അതില്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ , ചെറുതായി പിടച്ചുകൊണ്ട്  അയാള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും മാറി ഇടതു വശം ചരിഞ്ഞു കിടക്കുന്നു ,കാലുകള്‍ സീറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കാണുമ്പോളേ അറിയാം , അപ്പോളേക്കും മറ്റു ചില വണ്ടികളിലെ ഡ്രൈവര്‍മാരും അടുത്ത വീടുകളിലെ ചില ആളുകളും എത്തിയിരുന്നു ,

ഞാന്‍ മൊബൈല്‍ എടുത്തു അടുത്തുള്ള അരൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു ,

ആ കാറിന്റെ ഒരു വശം തീര്‍ത്തും തകര്‍ന്ന അവസ്ഥ ആയിരുന്നു , കാറിനു ചുറ്റും പച്ച നിറത്തില്‍ എന്തോ ഒഴുകി പടരുന്നു , കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ  മനം മടുപ്പിക്കുന്ന ഗന്ധംഅവിടെയാകെ നിറഞ്ഞു ,ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ആ കാറിന്റെ ഇടതു വശത്തെ ഡോര്‍  തുറന്നു ,  ആ കാറിലെ ആള്‍ക്ക് ബോധം നശിച്ചിരുന്നു, ടയര്‍ റോഡില്‍ ഉരഞ്ഞ ആ മണം പിന്നെയും സഹിക്കാം പക്ഷെ അയാളില്‍ നിന്നും വരുന്ന മദ്യത്തിന്റെ മണം സഹിക്കാന്‍ ഞങ്ങള്‍ നന്നേ പാടു പെട്ടു .

അപകടത്തില്‍ പെട്ടവനോട് അനുകമ്പ തോന്നെണ്ടതിനു പകരം മദ്യപിച്ചു വണ്ടി ഓടിച്ചു എന്റെ ജീവിതം കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചവനെ  അറപ്പോടെയാണ് ഞാന്‍ നോക്കിയത് .

വലതു വശത്തെ ഡോര്‍ ഒരു വിധത്തില്‍ തുറന്നു സീറ്റുകള്‍ പിറകിലേക്ക് മാറ്റി അയാളുടെ കാലുകള്‍ നേരെ വയ്ച്ചു , അയാളുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു സ്ടിയരിംഗ് നെഞ്ചില്‍ ഇടിച്ചതാവം കാരണം . ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോളെക്കും പോലീസ് എത്തി അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ...    
മുടിനാരിഴ വ്യത്യാസത്തില്‍ തിരിച്ചു കിട്ടിയ ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കും പോന്നു .ഒരു ഫുള്‍ ജഗ്ഗ് വെള്ളം കുടിച്ചു തീര്‍ത്താണ് ഞാന്‍ അന്ന് ഉറങ്ങാന്‍ കിടന്നത് . 

പിറ്റേ ദിവസം അതുവഴി പോയപ്പോള്‍ റോഡില്‍ ഒതുക്കി ഇട്ടിരുന്ന എന്റെ കാലനാവേണ്ടിയിരുന്ന ആ കാര്‍ കണ്ടപ്പോള്‍ മൊബൈലില്‍ ഞാന്‍ വെറുതെ ഒന്ന് ക്ലിക്കി , അയാള്‍ക്ക്‌ എന്ത് പറ്റി എന്ന്  ഞാന്‍ തിരക്കാന്‍ പോയില്ല . 

"മദ്യപാനമാണെടോ മനസ്സിനോരാനന്ദം
തുള്ളിയോളം ഉള്ളില്‍ചെന്നാല്‍ 
സ്വര്‍ഗലോകമാണെടോ "

എന്ന് കരുതുന്നവന്‍ 
ചത്തോ ജീവിച്ചോ എന്നെന്തിനു ഞാന്‍ തിരക്കണം .

യാത്രക്കിടയില്‍ തടസ്സം സൃഷ്ട്ടിച്ചു കൊണ്ട്  ഊതിക്കാന്‍ നില്‍ക്കുന്ന ഹൈവേ പോലീസുകാരും മറ്റും , കൈക്കൂലി വാങ്ങി ഒതുക്കാതെ  ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കി മദ്യപിച്ചു വണ്ടി ഓടിച്ചു മറ്റുള്ളവരെ കൂടി അപകടപ്പെടുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍  ഇനിയെങ്കിലും കുറച്ചു  ശ്രദ്ധിച്ചിരുന്നെകില്‍  ..!!

നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌.

എനിക്ക് ഈ അടുത്ത് വന്ന ഒരു മെയില്‍ ആണിത് , ഉള്ളടക്കത്തിന്റെ പ്രാദാന്യം കൊണ്ട്  അത് അപ്പാടെ തന്നെ ഞാന്‍ എന്റെ ഈ ബ്ലോഗില്‍ ഇടുന്നു 

****************
ഒരിക്കലും നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌... അത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്... സൂക്ഷിക്കുക... നിങ്ങളുടെ അബദ്ദം ഒരു പക്ഷെ മറ്റൊരാളുടെ ജീവന്‍ തന്നെ അപകടത്തിലക്കിയേക്കാം...

ബംഗ്ലൂരിലെ ഒരു ലോകല്‍ ഹോസ്പിറ്റലിലാണ് ഇത് സംഭവിച്ചത്‌.
നാലു വയസുള്ള ഒരു പെണ്‍കുട്ടിയെ എല്ല് സംബന്ധമായ ഒരു ഒപെരേഷന് വേണ്ടി ഇവിടെ അഡ്മിറ്റ്‌ ചെയ്തു. അതൊരു മൈനെര്‍ ഒപെരേഷനായിരുന്നെന്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതായി വന്നു. ഓപ്പറേഷന്റെ പാതി വഴിയില്‍ വെച്ച് ഈ സിസ്റ്റം പെട്ടെന്ന് നിന്ന് പോയി.. നോക്കുമ്പോള്‍ ഓപറേഷന്‍ തിയേറ്ററിനു പുറത്ത്‌ ആരോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കുന്നു. ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ ഡോക്ടര്‍മാര്‍ സെറ്റ്‌ ചെയ്തിരുന്ന ചില വാല്യുസുമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള ചില ഡാറ്റാസ് വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സിസ്റ്റം നിന്ന് പോയത്‌. തല്‍ഫലമായി പാവം നിഷ്കളങ്കയായ കുട്ടി മരിച്ചു പോയി.
ഓര്‍ക്കുക- മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുള്ള സ്ഥലങ്ങളിലൊന്നും അത് ഉപയോഗിക്കരുത്‌.... അതൊരു പക്ഷെ മറ്റു ചിലരെ നിങ്ങളറിയാതെ തന്നെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം... അധിക പേരും ഇത്തരം കാര്യങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ല.

Last Word :

Please avoid using your mobile phones in hospitals / petrol pumps / aircraft etc ... wherever it is mentioned no use of mobiles, go by the rules, it's a matter of life & death.
.......
ഈ മെയില്‍ എനിക്ക് അത്ര നിസ്സാരമായി വെറുതെ വായിച്ചു തള്ളി കളയാന്‍ തോന്നിയില്ല , ഗൌരവമായെടുക്കേണ്ട ഒരു വിഷയം അല്ലെ കൂട്ടുകാരെ ഇതും ...

Wednesday, 20 April 2011

ഒരു മയില്‍‌പ്പീലി പോലെ

ഒരു മയില്‍‌പ്പീലി പോലെ
മമ മനതാരിനെ പ്രണയാര്‍ദ്രമാക്കുന്ന -
സ്നേഹ സൗന്ദര്യമാം പൊന്മയില്‍ പീലി നീ .
ഏകാന്ത മായോരെന്‍ ജീവിതത്താരയില്‍ -
ഒരു കുളിര്‍ തെന്നലായ് നീ അന്നണഞ്ഞതും .     
നിന്റെ സൌഹാര്ദ്ദമാം കിരണങ്ങള്‍ ഏറ്റു ഞാന്‍ -
ആകെ അലിഞ്ഞുപോയ് ഹൃദയം നിറഞ്ഞു പോയ്‌ .
സാമോദ നിമിഷങ്ങള്‍ മാത്രമായ് അന്നു നാം -
ഈ സ്നേഹവാടിയില്‍ പാറിപ്പറന്നപ്പോള്‍ ,
ഒരു മാത്രയന്നെന്‍ മനസ്സില്‍ നിനച്ചു ഞാന്‍ ,
ഈ വിശ്വ വിജയികള്‍ നാം മാത്രമാണെന്ന്.
നിഴലിന്റെ തണലേകി നീ ചാരേ നില്‍ക്കുമ്പോള്‍ -
ഒരു മാത്രപോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ ആശിച്ചിരുന്നെന്നു .

ഒരു കുഞ്ഞു രോഷത്താല്‍ നീ മാറി നിന്നപ്പോള്‍ -
ഒരു ഞൊടി കൊണ്ടെന്റെ ചലനങ്ങള്‍ നിന്നുപോയ് .
ഒരു പ്രണയത്തിന്റെ പോന്മയിലായി നീ -
വേണ്ടുമെന്‍ മുന്നിലന്നാടി തിമിര്ക്കുമ്പോള്‍ ,
പ്രണയാര്‍ദ്രമായോരാ നിന്‍ മാനസത്തെ ഞാന്‍  ,
ദൂരെനിന്നാശയാല്‍ നോക്കുന്ന നേരത്തും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്നു.

ഒരു പാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ മെനഞ്ഞു നാം -
വിധിതന്‍ കരാളമാം ഹസ്തങ്ങളില്‍ പെട്ടു ,
ഒരു ജയത്തിന്നായ് അടരാടിടുമ്പോഴും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നെന്നു .

ഒടുവിലാ ക്രൂരനാം വിധി നമ്മെ ജയിച്ചപ്പോള്‍  -
അശ്രു കണങ്ങളാല്‍ അരുവികള്‍ തീര്‍ത്തുനാം ,
ജീവിതതാരയില്‍ ഇരുവഴി തേടിപ്പോയ് .
അബലരായ് മൂകരായ്‌ തമ്മില്‍ പിരിഞ്ഞപ്പോള്‍ -
ഒരുമാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ വിരഹമാണിനീയെന്‍ വിധിയെന്ന് .

എങ്കിലും ഇന്നും ഞാന്‍ ഓര്‍ക്കുന്നു ,കേഴുന്നു -
എന്‍ മനതാരിലിതാ .... കാത്തു വയ്ക്കുന്നു ,
മങ്ങാത്ത മായാത്ത മധുരമാം ഓര്‍മകള്‍ -
ഒരു പാട് നല്കിയിന്നെന്നെ പിരിഞോരീ ,
നീയെന്ന എന്റെയീ പൊന്മയില്‍ പീലിയെ ..


 

Monday, 18 April 2011

ചില്ലറകള്‍ കിലുങ്ങുമ്പോള്‍ ..

ചില്ലറകള്‍ കിലുങ്ങുമ്പോള്‍

തിരക്കിട്ട് പായുന്ന നഗര വീഥികളില്‍ അഴുക്കിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് ,
വിശന്നോട്ടിയ വയറുകളോടെ  ,കണ്ണുനീര്‍ ചാലുകള്‍ കീറിയ കവിളുകളുമായി ,
നീട്ടിപിടിച്ച കുഞ്ഞു കൈകള്‍ നമുക്ക് നേരെ നീളുമ്പോള്‍
ഒരു മാത്ര മനസ്സറിയാതെ കൈകള്‍ കീശകളില്‍ ചില്ലറകള്‍ തേടിപ്പോകാറില്ലേ.?

ദൈന്യത വില്‍പ്പന ചരക്കാക്കുന്ന ഈ കാലത്ത് പിച്ച തെണ്ടല്‍ ഏറ്റവും നല്ല ബിസിനസ്  ആയി കണ്ട്  , ആളെ വച്ച് തെണ്ടിക്കുന്ന ഒരു കൂട്ടം മാഫിയകള്‍ക്ക്‌ മുന്‍പില്‍ ഇരയാവുന്ന ബാല്യങ്ങള്‍ ഇന്ന് ഒട്ടേറെ,തെണ്ടിക്കാന്‍ വേണ്ടി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നവരും ,പകല്‍ തെണ്ടലും രാത്രി കളവുമായി നടക്കുന്നവരും ,തട്ടിയെടുത്ത കുഞ്ഞുങ്ങളെ നാടുകടത്തി വിരൂപരാക്കി തെണ്ടിക്കുന്നവരും സിനിമകളില്‍ മാത്രമല്ല ഇവിടെയും സത്യമാകുന്നു .  
അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമിതാണ്.. മനുഷ്യരെ  അടിമകളാക്കി പണിയെടുപ്പിച്ചിരുന്ന കാലം കഴിഞ്ഞിട്ടില്ല  , സമൂഹത്തിനു വേണ്ടാത്ത ആരോരുമില്ലാത്ത അനാഥ ജന്മങ്ങളെ പിച്ച തെണ്ടിച്ചു കാശുണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം മാഫിയകള്‍ ഇന്നു ഇവിടെയുണ്ട് വലിയൊരു നെറ്റവര്‍ക്ക് ആണ് ഇവരുടെ . കുറ്റകൃത്യങ്ങളുടെ നിഗണ്ടുവില്‍ ഇതുവരെ സ്ഥാനം പിടിക്കാത്ത ഈ തെണ്ടിക്കല്‍ പരിപാടി ഇന്നു തഴച്ചു വളരുന്നത്‌ കണ്മുന്നില്‍ എങ്കിലും കണ്ടില്ലെന്നു നടിക്കുന്നു ഭരണകൂടവും, നിയമപാലകരും , മീഡിയകളും .

ജനനന്മ വീമ്പു പറഞ്ഞു നടക്കുന്ന മനുഷ്യാവകാശ കമ്മീഷനുകളും മറ്റും കണ്ണ് കേട്ടിയാണോ ആവൊ റോഡിലൂടെ നടക്കുന്നത് ( സൗമ്യയെ കൊന്ന ഗോവിന്ദ ചാമിയുടെ ക്ഷേമം ചോദിച്ചിവര്‍ ജയിലില്‍ ചെന്നിരുന്നുവത്രെ ..!! മരിച്ചവരെ ഇവര്‍ക്ക് എന്തിനാ അല്ലെ ..!! ) പരാതിക്കാരന്‍ ഇല്ലാതെ എന്ത് അന്വേഷണം എന്നായിരിക്കും ഇവരുടെ ഒക്കെ മറുപടി ..


കമ്പനിയില്‍ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു ഞാന്‍ രാവിലെ 7 മണിക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ മുന്‍പിലെ പേ -ആന്‍ഡ്‌ -പാര്‍ക്കില്‍ ബൈക്ക് എടുക്കാന്‍ വരുമ്പോള്‍ എന്നും ആ ഹോസ്പിറ്റലിന്റെ മുന്‍പിലെ ഫുട് പാത്തില്‍ ഒരു  വൃദയാചകന്‍ ഉണ്ടാവും ,രണ്ടു കാലുകളും ഇല്ലാത്ത ഇയ്യാള്‍ കൊച്ചു വെളുപ്പിന് എങ്ങനെ ഇവിടെയെത്തി എന്നു പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട് , നട്ടുച്ചനേരത്തും പൊള്ളുന്ന വെയിലില്‍ ഇയ്യാള്‍ അവിടെ കാണും , കുറച്ചു ചില്ലറ തുട്ടുകള്‍ക്ക് നടുവില്‍ കയ്യും നീട്ടിപിടിച്ചു കൊണ്ട് ...


ആശുപത്രികള്‍ക്ക് മുന്നിലും ,ആരാദനാലായങ്ങളുടെ മുന്നിലും , ബസ്സ്‌ സ്ഥാന്റുകളിലും ,റെയില്‍വേ സ്റ്റെഷനുകളിലും മറ്റുമൊക്കെ നാലാള്‍ കൂടുന്ന സ്ഥലങ്ങളില്‍ യാച്ചകവൃത്തി വര്‍ദ്ദിച്ചു വരുന്നത് ഇത്തരം മാഫിയാകളുടെ വിളയാട്ടമാണെന്ന് മനസിലാക്കാന്‍ തല പുകഞ്ഞു ആലോചിക്കേണ്ട ആവശ്യം ഇല്ല .ശരീരം തളര്‍ന്നവരും , കാല്‍ സ്വാദീനം ഇല്ലാത്തവരും , കാഴ്ച നഷ്ടപെട്ടവരും തുടങ്ങി യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എങ്ങനെ ഈ മലകള്‍ കയറി ശബരി മലയിലും ,പളനിയിലും എത്തുന്നു , കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ തിരക്കേറിയ തെരുവ് വീഥികളില്‍  പ്രത്യക്ഷപ്പെടുന്നു ..?


save children's from the street എന്ന്  ജനസേവ ശിശുഭവന്‍ ഫ്ലെക്സ് വച്ചിരിക്കുന്ന എറണാകുളം നോര്‍ത്ത് പാലത്തിനു സമീപം പോലും ഒട്ടിയ വയറുമായി പൊരിവെയിലില്‍ ബ്ലോക്കില്‍ പെട്ട് കിടക്കുന്ന വാഹന ചില്ലുകളില്‍ ചില്ലറ തുട്ടുകള്‍ക്കായി  തട്ടുന്ന കുഞ്ഞു കൈകള്‍ കാണാം ....
 ദൈന്യതയില്‍ മനസലിഞ്ഞു കിട്ടുന്ന ചില്ലറകള്‍ പോലും സ്വന്തം  വിശപ്പടക്കാന്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തവര്‍     
പ്രതികരിക്കാന്‍ ശേഷിയില്ലാത്ത , ചോദിയ്ക്കാന്‍ ആരുമില്ലാത്ത ഈ അനാഥ ജന്മങ്ങളുടെ ജീവിതം എന്നും ഒരുകൂട്ടം മാഫിയാകളുടെ കയ്യിലെ ചങ്ങലകളില്‍ ഒതുങ്ങുമോ .?
മേല്‍വിലാസം ഇല്ലാത്തതു കൊണ്ട് ഒരു വോട്ടിനു പോലും ഇവരെ ആര്‍ക്കും  വേണ്ട ...
ഈ തെണ്ടിക്കല്‍ പരിപാടി അവസാനിപ്പിക്കാന്‍ ഏതെങ്കിലും സംഗടനകള്‍ മുന്നോട്ടു വരുമോ ..?  സാദ്യതയില്ല കാരണം
ചില്ലറ തടായാത്ത പരിപാടി ആണേ ...

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഞാന്‍ കണ്ട
ഒരു അന്ധ ബാലനെ കുറിച്ച്...

ആ പിഞ്ചു മനസ്സിന്റെ ആഴത്തിലെരിയുന്ന 
ആയിരം ചോദ്യങ്ങള്‍ തേടുന്നു ഉത്തരം 
ആ കുഞ്ഞു ചുണ്ടുകള്‍ പതിയെ വിതുമ്പുന്നു
അറിയില്ല പറയേണ്ടതെങ്ങിനെ എങ്കിലും 
ആ മുഖം വ്യക്തമായ് പറയുന്നതിങ്ങനെ  
"കേവലം നാണയ തുട്ടുകളിലോതുങ്ങാത്ത 
ഒരു കുഞ്ഞു സാന്ത്വനം ആരുണ്ട് ചൊല്ലുവാന്‍.? "
ഏവരും  സര്‍വതും കണ്ടു വര്‍ണ്ണിക്കുന്നു
ഏവരും ചൊല്ലുന്നു സൂര്യനിന്നെരിയുന്നു  .
ആ പിഞ്ചു ബാലന്റെ കവിളത്തു വീഴുന്ന
സൂര്യപ്രകാശത്തിനുഗ്രമാം താപത്താല്‍ 
 അവനുമിന്നറിയുന്നു സൂര്യനെരിയുന്നു .  
കാഴ്ച്ചയുടെ ലോകത്തിലെത്താന്‍ കഴിയാത്ത ആ 
കണ്ണുകളില്‍ പകല്‍ പോലും കൂരിരുള്‍ രാത്രികള്‍ 
അന്ധനാണിവന്‍  അനാഥനാണിവന്‍
കൈകളില്‍ ചങ്ങല ബന്ധനം തീര്‍ത്തൊരീ
  ഇവനെന്നും വെറുമൊരു അടിമയാം യാചകന്‍
എങ്കിലും അവനുമിന്നിവിടെ ജീവിക്കുന്നു 
തന്‍ മനോവാടിയാം സങ്കല്‍പ്പ രാജ്യത്തില്‍ 
അവനുമിന്നരചനായ്  നാടുവാനീടുന്നു ..
*** * ***


ഈ കുഞ്ഞു ജീവിതം തട്ടി തെറിപ്പിച്ച 
വിധിയെ ശപിച്ചു ഞാന്‍ തിരികെ നടക്കുമ്പോള്‍ 
അവനെന്റെ മനസ്സിലേക്കൊരു ചോദ്യം പകര്‍ന്നുതന്നു  

 പാഠപുസ്തകം പിടിക്കേണ്ട കൈകളില്‍ 
ക്ലാവ് പിടിച്ചൊരു പിച്ച പാത്രമോ .? 
തെരുവിന്റെ മടിയിലെക്കിന്നിവനെ നിര്‍ദാഷിണ്യം നടതള്ളിയതാര് .?
ഈ വിധി ആരുടെ ശാപമോ .?
മുന്‍ ജന്മ പാപത്തിന്‍ കര്‍മ ഫലമോ .?
 അതോ
മനുഷ്യന്റെ ക്രൂരത കാടുകടന്നെത്തി 
ബലി നല്‍കി പോയൊരു പിഞ്ചു ജീവനോ .?

Saturday, 16 April 2011

കന്യാകുമാരിയിലെ കവിത ...!!


കന്ന്യാകുമാരി തന്നെ ആണ് കവിത
കന്യാകുമാരിയില്‍ പോയിട്ടുണ്ടോ .?
അവിടുത്തെ അസ്തമയം കണ്ടിട്ടുണ്ടോ ..?
ബംഗാള്‍ ഉള്‍ക്കടലും , ഇന്ത്യന്‍ മഹാ സമുദ്രവും ,അറബി ക്കടലും, സംഗമിക്കുന്നിടത്  അര്‍ക്കന്‍ തന്റെ ഒരു പകല്‍ സഞ്ചാരം അവസാനിപ്പിച്ചു ആഴിയില്‍ മുങ്ങുന്ന ആ അസ്തമയ കാഴ്ച  ..!! 
അതിലും മനോഹാരിത ഏത് കവിതയ്ക്ക് നല്‍ക്കാന്‍ കഴിയും , അല്ലെങ്കില്‍ അത് തന്നെ ഒരു കവിതയല്ലേ ...??

നിത്യ കന്യകയാം ദേവി കനിഞ്ഞു അനുഗ്രഹം ചൊരിയുന്ന ,

കന്യാകുമാരിയില്‍  പോയിട്ടില്ലെങ്കില്‍ പോകുക , 
പോയി അസ്തമയം കാണുക .....
കടലിലൂടെ
വിവേകാനന്ത പാറയിലേക്ക്‌ ഒരു ബോട്ട് യാത്ര നടത്തുക...

എന്റെ ക്യാമറയില്‍ പതിഞ്ഞ അസ്തമന കാഴ്ചക്ക് നേരില്‍ കാണുന്ന ആ ഒരു അനുഭൂതി അല്ലെങ്കില്‍ നിര്‍വൃതി നല്‍ക്കാന്‍ കഴിയില്ല ..
അത് കൊണ്ട് ..  
Don't miss it ..